ഇന്ത്യയുടെ വാക്‌സിന്‍ നിര്‍മ്മാണ ശേഷി ലോകത്തിന്റെ മികച്ച സ്വത്ത്; അഭിനന്ദിച്ച് ഐക്യരാഷ്ട്ര സഭ

ന്യൂയോര്‍ക്ക്: ഇന്ത്യയുടെ കൊവിഡ് പ്രതിരോധ വാക്‌സിന്‍ ഉല്‍പാദന ശേഷി ലോകത്തിന് മികച്ച സ്വത്താണെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി അന്റോണിയോ ഗുട്ടേറസ്. ആഗോള വാക്‌സിന്‍ കാമ്പെയിന്‍ യാഥാര്‍ഥ്യമാക്കുന്നതില്‍ ഇന്ത്യ സുപ്രധാനപങ്കുവഹിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

അയല്‍ രാജ്യങ്ങള്‍ക്ക് 55 ലക്ഷം ഡോസ് കോവിഡ് വാക്‌സിനുകള്‍ സമ്മാനിച്ചതിന് തൊട്ടുപിന്നാലെയാണ് യുഎന്‍ സെക്രട്ടറി ജനറലിന്റെ പ്രസ്താവന. 2021 ജനുവരി 21 മുതല്‍ 55 ലക്ഷം ഡോസ് വാക്‌സിനാണ് അയല്‍രാജ്യങ്ങള്‍ക്ക് ഇന്ത്യ സമ്മാനിച്ചിട്ടുളളത്. 1.5 ലക്ഷം ഡോസുകള്‍ ഭൂട്ടാനും, മാലദ്വീപ്,മൗറീഷ്യസ്, ബെഹ്‌റിന്‍ എന്നീ രാജ്യങ്ങള്‍ക്ക് ഒരുലക്ഷം വീതവും 10 ലക്ഷം ഡോസുകള്‍ നേപ്പാളിനും 20 ലക്ഷം ബംഗ്ലാദേശിനും 15 ലക്ഷം മ്യാന്മറിനും 50,000 ഡോസുകള്‍ സീഷെല്‍സിനും 5 ലക്ഷം ഡോസുകള്‍ ശ്രീലങ്കയ്ക്കും ഇന്ത്യ നല്‍കിയിരുന്നു.

അയല്‍രാജ്യങ്ങള്‍ക്ക് സൗജന്യമായി വാക്‌സിന്‍ നല്‍കിയതിന് പുറമേ ബ്രസീല്‍, മൊറോക്കോ എന്നീ രാജ്യങ്ങളിലേക്ക് വിപണനാടിസ്ഥാനത്തില്‍ ഇന്ത്യ വാക്‌സിന്‍ കയറ്റുമതി ചെയ്തിരുന്നു.

Content Highlights; India’s vaccine production capacity is best asset world has today, says UN chief