കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ താനെന്തായാലും വിജയിക്കുമെന്നും ബി.ജെ.പി 40 സീറ്റുകള്‍ നേടുമെന്ന് പ്രതീക്ഷിക്കുന്നതായും ഇത് 75 വരെ പോയേക്കാമെന്നും എന്‍.ഡി.എ പാലക്കാട് മണ്ഡലം സ്ഥാനാര്‍ഥി ഇ. ശ്രീധരന്‍. ടെലിഗ്രാഫിന് നല്‍കിയ അഭിമുഖത്തിലാണ് ഇ. ശ്രീധരന്‍ തെരഞ്ഞെടുപ്പ് വിജയപ്രതീക്ഷ പങ്കുവെച്ചത്. കേരള നിയമസഭാ തെരഞ്ഞെടുപ്പിലെ കിങ് മേക്കറാകും ബി.ജെ.പിയെന്നും ഇ ശ്രീധരന്‍ പറഞ്ഞു. ബി.ജെ.പി അധികാരത്തില്‍ വരാന്‍ നല്ല സാധ്യത കാണുന്നുണ്ട്, ഏറ്റവും കുറഞ്ഞത് കിങ് മേക്കറെങ്കിലും ആകും, ബി.ജെ.പി ആയിരിക്കും കേരളം ആര് ഭരിക്കണമെന്ന് തീരുമാനിക്കുകയെന്നും ഇ ശ്രീധരന്‍ പറഞ്ഞു.
തന്നെ പോലെ പ്രശസ്തനും കഴിവും പെരുമയുമുള്ള ആള്‍ ബി.ജെ.പിയില്‍ ചേര്‍ന്നതോടെ പാര്‍ട്ടിയുടെ പ്രതിച്ഛായ തന്നെ മാറിയിട്ടുണ്ടെന്നും ഇ ശ്രീധരന്‍ പ്രതികരിച്ചു. താന്‍ മുഖ്യമന്ത്രിയാകണമോയെന്ന കാര്യം പാര്‍ട്ടിയാണ് തീരുമാനിക്കേണ്ടതെന്നും താന്‍ അക്കാര്യം ആവശ്യപ്പെട്ടിട്ടില്ലെന്നും അവര്‍ക്ക് വേണമെങ്കില്‍ ആ ചുമതല ഏറ്റെടുക്കാമെന്നും അദ്ദേഹം പ്രതികരിച്ചു. പാലക്കാട് മണ്ഡലത്തിൽ നിന്ന് മത്സരിക്കുന്ന ഇ. ശ്രീധരന്‍റെ എതിരാളി കോണ്‍ഗ്രസ് യുവ നേതാവ് ഷാഫി പറമ്പിലാണ്. സി.പി. പ്രമോദാണ് സി.പി.എം സ്ഥാനാർഥി. 2016ൽ പാലക്കാട് ബി.ജെ.പി രണ്ടാം സ്ഥാനത്തെത്തിയിരുന്നു. 57,559 വോട്ടുമായി ഷാഫി പറമ്പിൽ വിജയം പിടിച്ചപ്പോൾ രണ്ടാമതെത്തിയ ശോഭ സുരേന്ദ്രൻ 40,076 വോട്ടും എൽ.ഡി.എഫ് പ്രതിനിധി എൻ.എൻ കൃഷ്ണദാസ് 38,675 വോട്ടും നേടി.
Content Highlights; e sreedharan about kerala niyamasabha election