കുട്ടികളുടെ സ്വകാര്യ വിവരങ്ങൾ ദുരുപയോഗം ചെയ്തതിന് ടിക്ടോകിനെതിരെ നിയമനടപടിക്ക് സാധ്യത. ബ്രിട്ടനിലെ മുൻ ശിശു കമ്മിഷണറായ ആൻ ലോങ്ഫീൽഡ് ആണ് ജനപ്രിയ വിഡിയോ ഷെയറിങ് ആപ്പിനെതിരെ നിയമ നടപടി ആരംഭിച്ചിരിക്കുന്നത്. പരാതി ന്യായമാണെന്നു കണ്ടെത്തിയാൽ ഓരോ ഇരയ്ക്കും ലക്ഷങ്ങളായിരിക്കും കമ്പനി പിഴയായി നൽകേണ്ടി വരിക. ഫോൺ നമ്പർ, വീഡിയോ, ബയോമെട്രിക് വിവരം, സ്ഥല വിവരം അടക്കമുള്ള കുട്ടികളുടെ വ്യക്തി വിവരങ്ങൾ കൃത്യമായ മുന്നറിയിപ്പോ സുതാര്യതയോ നിയമ പ്രകാരം ആവശ്യമായ സമ്മതമോ ഒന്നും കൂടാതെ ശേഖരിക്കുകയും ഉപയോഗിക്കുകയും ചെയ്തതായാണ് കേസ്.
ഈ വിവരങ്ങൾ ഉപയോഗിച്ച് എന്താണ് ചെയ്യുന്നതെന്ന് കുട്ടികൾക്കോ രക്ഷിതാക്കൾക്കോ കൃത്യമായ വിവരം നൽകുന്നില്ല. ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ലക്ഷക്കണക്കിനു കുട്ടികൾക്കു വേണ്ടിയാണ് ആൻ ലോങ്ഫീൽഡ് നിയമ നടപടിയിലേക്ക് നീങ്ങിയിരിക്കുന്നത്. കുട്ടികളുടെ വിവരങ്ങൾ ദുരുപയോഗം ചെയ്ത കേസിൽ 2019ൽ ഫെഡറൽ ട്രേഡ് കമ്മിഷൻ ടിക്‌ടോക്കിന് 5.7 മില്യൻ ഡോളർ പിഴ ചുമത്തിയിരുന്നു. അതേ സമയം, പരാതി കഴമ്പില്ലാത്തതാണെന്നും നിയമപരമായി നേരിടുമെന്നും ടിക്‌ടോക് പ്രതികരിച്ചു.
Content Highlights; TikTok sued for billions over use of children’s data