മനുഷ്യകുലത്തിന്റെ അതിജീവന ചരിത്രം മുതൽക്കേ ദേശാടനവും, ദേശദേശാന്തരങ്ങൾക്കപ്പുറത്തേക്കുള്ള കുടിയേറ്റവുമൊക്കെ കേവലമൊരു സാമൂഹ്യ വ്യവസ്ഥിതിയുടെ ഭാഗം എന്നതിനപ്പുറം, അതിജീവനത്തിനുള്ള അനിവാര്യത കൂടിയായിരുന്നു. അല്പം കൂടി വ്യക്തമായി പറഞ്ഞാൽ, കാർഷിക സൗകര്യങ്ങളുടെ ലഭ്യത, കാലാവസ്ഥ, ഭൂപ്രകൃതി എന്നിവയിലെ മാറ്റങ്ങൾക്കനുസരിച്ച് തങ്ങൾക്ക് ഏറ്റവും അനുയോജ്യമായ വാസസ്ഥലം തേടിയുള്ള മനുഷ്യന്റെ യാത്രയ്ക്ക് മാനവോത്പത്തിയോളം പഴക്കമുണ്ടെന്ന് ചുരുക്കം. ഇത്തരത്തിൽ കുടിയേറിപ്പാർത്തവരുടെ പിൻതലമുറക്കാരാണ് ഇന്ന് ഈ ഭൂമുഖത്തുള്ള മനുഷ്യവർഗ്ഗം മുഴുവനും. ഈ അർത്ഥത്തിൽ, വലിയൊരു കുടിയേറ്റ സംസ്കാരത്തിന്റെ ഉപോത്പന്നമാണ് നാമെല്ലാവരും എന്നോർമിപ്പിച്ചുകൊണ്ട് ഇന്ന് ഐക്യരാഷ്ട്ര സംഘടന അന്താരാഷ്ട്ര കുടിയേറ്റ ദിനമായി ആചരിക്കുകയാണ്. ആഗോളവത്കരണത്തിന്റെയും, അനുകൂല അന്താരാഷ്ട്ര നിയമ ഭേതഗതികളുടെയും അരികുപറ്റി കുടിയേറ്റ നിരക്ക് ക്രമാതീതമായി ഉയരുകയും, ആഗോളതലത്തിൽ കുടിയേറ്റ സമൂഹങ്ങൾ നിരവധി പ്രതിസന്ധികളിലൂടെ കടന്നുപോവുകയും ചെയ്യുന്ന ഇന്നത്തെ സാഹചര്യത്തിൽ ഇത്തരമൊരു ദിനാചരണം ഏറെ പ്രസക്തമാണ്.
പത്തൊമ്പതാം നൂറ്റാണ്ടിലാണ് കുടിയേറ്റം എന്ന പ്രതിഭാസം നമുക്കിടയിൽ കരുത്താർജ്ജിച്ചതെന്ന് പറയാം. ഇങ്ങനെ അന്യനാടുകളിലേക്ക് ചേക്കേറിയിരുന്നവരുടെ പ്രധാന ലക്ഷ്യം സാമ്പത്തിക മേന്മ കൈവരിക്കണമെന്ന ആഗ്രഹം തന്നെയായിരുന്നു. ചരിത്രം പരിശോധിച്ചാൽ വ്യാവസായിക വിപ്ലവത്തോടെ പൊട്ടിപ്പുറപ്പെട്ട അസംഖ്യം തൊഴിലവസരങ്ങൾ തന്നെയാണ് കുടിയേറ്റത്തിന് ഏവരെയും സ്വാധീനിച്ച മുഖ്യഘടകമെന്ന് മനസിലാക്കാം. അറുപതുകളുടെ ആരംഭത്തോടെയാണ് സിംഗപ്പൂർ, മലേഷ്യ, ആഫ്രിക്ക, വടക്കേ അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളിലേക്ക് തൊഴിൽ തേടി മലയാളികൾ ചേക്കേറിത്തുടങ്ങിയത്. എഴുപതുകളിൽ എണ്ണ വിപണിയിലുണ്ടായ വൻ കുതിപ്പ് ഇന്നും തുടരുന്ന ഗൾഫ് രാജ്യങ്ങളിലേക്കുള്ള കുത്തൊഴുക്കിനും കാരണമായി. കേരളത്തിലെ തൊഴിലില്ലായ്മ ഒരു പരിധി വരെ കുറയ്ക്കാനും, സമ്പദ് വ്യവസ്ഥയെ താങ്ങി നിർത്താനും കഴിഞ്ഞതിൽ ഇത്തരം കുടിയേറ്റങ്ങൾ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. എഴുപതുകളിൽ രാജ്യം നേരിട്ട വിദേശനാണ്യ പ്രതിസന്ധി പരിഹരിക്കാൻ കഴിഞ്ഞതും വിദേശ ഇന്ത്യക്കാരിൽ ബഹുഭൂരിപക്ഷമുണ്ടായിരുന്ന പ്രവാസി മലയാളികൾ അയച്ച പണത്തിന്റെ ബലത്തിലായിരുന്നു. ഇന്ന് കേരളത്തിലെ ബാങ്കുകളിൽ വിദേശമലയാളികൾക്കുള്ള നിക്ഷേപം ലക്ഷം കോടികളാണ്. ഇത് സംസ്ഥാനത്തെ മുഴുവൻ ബാങ്ക് നിക്ഷേപത്തിന്റെയും മൂന്നിലൊന്നിന് മുകളിൽ വരും.
എന്നാൽ, കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇന്ത്യൻ വംശജരുടെ കുടിയേറ്റ ദിശ കാര്യമായ വ്യതിചലനങ്ങൾക്ക് വിധേയമായിട്ടുണ്ട്. തൊഴിൽ തേടി കുടിയേറിയിരുന്ന കാലമൊക്കെ ഏറെക്കുറെ അവസാനിച്ചു തുടങ്ങുകയാണ്. തൽസ്ഥാനത്ത്, യൂറോപ്പ്യൻ രാജ്യങ്ങളിലേക്കും മറ്റും ഉന്നത വിദ്യാഭ്യാസത്തിനായും, തുടർന്ന് ജോലി നേടി സ്ഥിരതാമസക്കാരാകാനുമായുള്ള ആവേശത്തിൽ കുടിയേറുന്ന വിദ്യാർഥികളുടെയും യുവാക്കളുടെയും എണ്ണം ഓരോ വർഷവും ലക്ഷങ്ങളുടെ വ്യത്യാസത്തിലാണ് വർധിക്കുന്നത്. ഇന്ത്യയിലേതിനേക്കാൾ അഞ്ചും പത്തും ഇരട്ടി ഫീസ് ലഭിക്കുന്നതിനാൽ വിദ്യാഭ്യാസ വിസയിലുള്ള ഇത്തരം കുടിയേറ്റങ്ങളെ ഒട്ടുമിക്ക യൂറോപ്പ്യൻ രാജ്യങ്ങളും പ്രോത്സാഹിപ്പിക്കുന്നുമുണ്ട്.
കഴിഞ്ഞ വർഷം ഡിസംബർ ആദ്യവാരത്തിൽ അന്താരാഷ്ട്ര കുടിയേറ്റത്തെ ഉൾക്കൊള്ളുംവിധം ഐക്യരാഷ്ട്ര സംഘടന രൂപം നൽകിയ ആഗോള കുടിയേറ്റ ഉടമ്പടിയും ഈ ദിനം ചർച്ച ചെയ്യപ്പെടേണ്ടതാണ്. 2016-ൽ അഭയാർഥികൾക്കും കുടിയേറ്റക്കാർക്കുമായി നടത്തിയ ന്യൂയോർക്ക് പ്രഖ്യാപനത്തെ തുടർന്ന് 164 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ ചേർന്ന് അംഗീകരിച്ചതാണ് ഈ ഉടമ്പടി. കുടിയേറ്റ സമൂഹത്തിന്റെ പ്രസക്തിയും, അവർ നേരിടുന്ന പ്രശ്നങ്ങളിൽ ആഗോള സമൂഹം സ്വീകരിക്കേണ്ട സഹകരണ മനോഭാവം കൂടുതൽ ഊട്ടിയുറപ്പിക്കാനാകും എന്നതാണ് അന്താരാഷ്ട്ര തലത്തിൽ ആഗോള കുടിയേറ്റ ഉടമ്പടിയെ സവിശേഷമാക്കുന്നത്.
എന്നാൽ, സംസ്ഥാനതലത്തിലും ആഗോളതലത്തിലുമുള്ള ഇത്തരം കുടിയേറ്റ വിഷയങ്ങളോടൊപ്പം തന്നെ കൂട്ടിവായിക്കപ്പെടേണ്ടതാണ് ഇന്ന് ഇന്ത്യാ മഹാരാജ്യത്തെങ്ങും പ്രതിഷേധം അലയടിക്കാൻ കാരണമായ ദേശീയ പൗരത്വ ഭേതഗതി ബിൽ. മുപ്പതിലേറെ രാജ്യങ്ങളിൽ നിന്നായി മൂന്ന് ലക്ഷത്തിലേറെ അഭയാർഥികളും, ദശലക്ഷക്കണക്കിനു കുടിയേറ്റക്കാരും, നാൽപ്പത് ലക്ഷത്തിലധികം അനധികൃത കുടിയേറ്റക്കാരുമുള്ള ഈ രാജ്യത്ത് ഇത്തരമൊരു നിയമ ഭേതഗതി സൃഷ്ടിച്ചേക്കാവുന്ന പ്രത്യാഘാതം വളരെ വലുതായിരിക്കും. വർധിച്ചുവരുന്ന അഭയാർഥി പ്രശ്നങ്ങളും, അനധികൃത കുടിയേറ്റവുമൊക്കെ നിയന്ത്രിക്കേണ്ടത് തന്നെയാണ്. എന്നാൽ, അതിൽ വർഗീയ വേർതിരിവും വിവേചനവും കാട്ടുന്നത് ഒരു ഭരണകൂടത്തിന് ഒട്ടും ഭൂഷണമല്ല. ആഗോള കുടിയേറ്റ ദിനാചരണം ലോകമെമ്പാടും നടക്കുമ്പോൾ, ഇന്ത്യയിൽ ഇത്തരമൊരു നിയമഭേതഗതി കൊണ്ടുവന്നതും, അതേത്തുടർന്നുണ്ടാകുന്ന വമ്പിച്ച പ്രക്ഷോഭവുമൊക്കെ തികച്ചും യാദൃശ്ചികം മാത്രമാകാം.. !