കൊച്ചി: കേരള കോണ്‍ഗ്രസിനുള്ളിലെ പിളർപ്പിനു ശേഷം ലയനത്തിനൊരുങ്ങി പി ജെ ജോസഫ് പക്ഷവും ജോണി നെല്ലൂർ പക്ഷവും. ഇരു വിഭാഗവും തമ്മിലുള്ള ലയന സമ്മേളനം ഇന്ന് 4 മണിക്ക് കൊച്ചി രാജേന്ദ്ര മൈതാനിയില്‍ നടക്കും. അതേ സമയം, ജോണി നെല്ലൂരിനെ പാർട്ടിയില്‍ നിന്ന് പുറത്താക്കിയെന്നും ജേക്കബ് ഗ്രൂപ്പ് എന്ന നിലയില്‍ പാർട്ടിയില്‍ തുടരുമെന്നുമാണ് അനൂപ് ജേക്കബിന്റെ പ്രതികരണം.
കേരളാ കോണ്‍ഗ്രസ് ജേക്കബ് ഗ്രൂപ്പിലെ 10 ജില്ലാ പ്രസിഡന്റുമാരും ഭൂരിപക്ഷം സംസ്ഥാന പ്രസിഡന്റുമാരും തനിക്കൊപ്പമാണെന്ന് ജോണി നെല്ലൂർ അവകാശപ്പെട്ടു. ജേക്കബ് ഗ്രൂപ്പ് പിരിച്ച് വിട്ടതായി കാണിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചതായും ജോണി നെല്ലൂർ വ്യക്തമാക്കി. നേരത്തെ കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം ചെയർമാനായിരുന്ന ജോണി നെല്ലൂരും, പാർട്ടി ലീഡർ അനൂപ് ജേക്കബും വെവ്വേറെ യോഗങ്ങള്‍ വിളിച്ചത് വിമർശനങ്ങള്‍ക്കിടയാക്കിയിരുന്നു.
ലയനത്തിലൂടെ ശക്തമായ കേരള കോണ്‍ഗ്രസ് വിഭാഗമായി മാറാനാണ് ജോസഫ് വിഭാഗത്തിന്റെ ലക്ഷ്യം. എന്നാല്‍ ലയനം വേണ്ടെന്ന നിലപാടിലാണ് അനൂപ് ജേക്കബ്. ഭീരിപക്ഷം ജില്ലാ പ്രസിഡന്റുമാരുടെയും പിന്തുണ ഇരു വിഭാഗവും അവകാശപ്പെടുന്നുണ്ട്.
Content Highlight: Johny nelloor group decided to merge with Joseph group