കൊവിഡ് പ്രതിരോധത്തിൻ്റെ ഭാഗമായി രാജ്യത്ത് ലോക്ക് ഡൗൺ വീണ്ടും നീട്ടിയതിന് പിന്നാലെ മാർഗനിർദേശങ്ങൾ കേന്ദ്രം പുറപ്പെടുവിച്ചു. പുതുക്കിയ ലോക്ക് ഡൗൺ മാർഗരേഖ പ്രകാരം രാജ്യാന്തര–ആഭ്യന്തര വിമാന സർവീസുകൾക്കുള്ള വിലക്ക് തുടരും. മെട്രോ ട്രെയിൻ സർവീസുകൾക്കും മേയ് 31 വരെ വിലക്കുണ്ട്. ആളുകൾ കൂടിച്ചേരുന്ന ഒരു പരിപാടിയും അനുവദിക്കില്ല. 31 വരെ ഒരു വിദ്യാഭ്യാസ സ്ഥാപനവും തുറന്നു പ്രവർത്തിക്കരുതെന്നും മാർഗ നിർദേശത്തിൽ പറയുന്നു. സ്പോർട്സ് കോംപ്ലക്സുകളും സ്റ്റേഡിയങ്ങളും ഉപാധികളോടെ തുറക്കാൻ അനുമതി നല്‍കും. ഓൺലൈൻ/ഡിസ്റ്റാൻസ് ലേണിങ് പ്രോത്സാഹിപ്പിക്കും. ഹോം ഡെലിവറിക്കായി അടുക്കളകൾ പ്രവർത്തിപ്പിക്കാൻ റസ്റ്ററൻ്റുകൾക്ക് അനുമതിയുണ്ട്. സിനിമാശാലകളും മാളുകളും അടഞ്ഞുതന്നെ കിടക്കണം. ജിംനേഷ്യങ്ങളും തുറക്കരുത്. സ്വിമിങ് പൂളുകൾ, പാർക്കുകൾ, ഓഡിറ്റോറിയങ്ങൾ, ഹാളുകൾ തുടങ്ങിയവയ്ക്കുള്ള നിയന്ത്രണങ്ങൾ തുടരും.
സോണുകൾ സംസ്ഥാന സർക്കാരുകൾക്ക് തീരുമാനിക്കാം. ആരോഗ്യവകുപ്പ് അനുശാസിക്കുന്ന നിർദേശങ്ങൾ അനുസരിച്ചു മാത്രമായിരിക്കണം സോണുകൾ തീരുമാനിക്കേണ്ടത്. സോണുകൾക്കുള്ളിലെ കണ്ടെയ്ൻമെൻ്റ് സോണും ബഫർ സോണും തീരുമാനിക്കാനുള്ള അധികാരം ജില്ലാ ഭരണകൂടങ്ങൾക്കു ലഭിക്കും. കണ്ടെയ്ൻമെൻ്റ് സോണുകളിൽ അവശ്യസേവനം മാത്രമേ അനുവദിക്കുകയുള്ളൂ.
അന്തർ ജില്ലാ യാത്രക്ക് കണ്ടെയ്ൻമെൻ്റ് സോണുകളിലൊഴികെ അനുമതിയുണ്ട്. യാത്രാ വാഹനങ്ങൾക്കും ബസുകൾക്കും പോകാം. എന്നാൽ സംസ്ഥാനം വിട്ടുള്ള യാത്രകൾ സംബന്ധിച്ച് സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും തീരുമാനമെടുക്കാമെന്നും മാർഗനിർദ്ദേശത്തിലുണ്ട്. രാത്രി കാലത്ത് സഞ്ചാരം പാടില്ല. രാത്രി ഏഴ് മണി മുതൽ രാവിലെ ഏഴ് മണി വരെയുള്ള സമയത്ത് സഞ്ചാരം അനുവദിക്കില്ല. 65 വയസിന് മുകളിൽ പ്രായമുള്ളവരും പത്ത് വയസിൽ താഴെ പ്രായമുള്ളവരും ഗർഭിണികളും ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നവരും വീടുകളിൽ തന്നെ കഴിയണം.
content highlights: Nationwide lockdown extended till May 31 to contain COVID-19 spread