അനധികൃത സ്വത്ത് സമ്പാദന കേസ്; ജേക്കബ് തോമസിനെതിരായ അന്വേഷണം സ്റ്റേ ചെയ്യില്ലെന്ന് ഹൈക്കോടതി

High Court rejected the appeal of Jacob Thomas on illegal property case

മുന്‍ ഡിജിപിയും വിജിലന്‍സ് ഡയറക്ടറുമായിരുന്ന ജേക്കബ് തോമസിനെതിരായ അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ വിജിലന്‍സ് അന്വേഷണം സ്റ്റേ ചെയ്യാനാകില്ലെന്ന് ഹൈക്കോടതി. കേസിൽ കഴമ്പുണ്ടെന്നും കോടതി നിരീക്ഷിച്ചു. തമിഴ്‌നാട്ടിലെ രാജപാളയത്ത് 50.33 ഏക്കര്‍ ഭൂമി വാങ്ങിയതിനെതിരെയാണ് ജേക്കബ് തോമസിനെതിരെ വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ജേക്കബ് തോമസ് ഹൈക്കോടതിയെ സമീപിച്ചത്.

നാളെ സര്‍വീസില്‍ നിന്നും വിരമിക്കുന്ന സാഹചര്യത്തില്‍ തനിക്കെതിരായ അന്വേഷണം അടിയന്തരമായി സ്റ്റേ ചെയ്യണമെന്നായിരുന്നു ജേക്കബ് തോമസ് കോടതിയോട് ആവശ്യപ്പെട്ടത്. ഭൂമിയുടെ ആധാരമടക്കമുള്ള രേഖകള്‍ പരിശോധിച്ച ശേഷമാണ് അന്വേഷണം സ്‌റ്റേ ചെയ്യണമെന്ന ആവശ്യം കോടതി തള്ളിയത്. വിജിലന്‍സ് അന്വേഷണം തുടരാമെന്നും കോടതി വ്യക്തമാക്കി.

കേസിൻ്റെ വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ വിജിലന്‍സിന് കോടതി നിര്‍ദേശം നല്‍കുകയും ചെയ്തു. ഈ റിപ്പോര്‍ട്ട് കൂടി പരിഗണിച്ചായിരിക്കും കേസ് റദ്ദാക്കണമെന്ന ജേക്കബ്‌ തോമസിൻ്റെ ഹര്‍ജിയില്‍ ഹൈക്കോടതി തീരുമാനമെടുക്കുക. നേരത്തെ അനധികൃത സ്വത്ത് സമ്പാദന കേസില്‍ ജേക്കബ് തോമസിനെതിരെ കേസെടുക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. ക്രൈംബ്രാഞ്ചിനാണ് അനുമതി നല്‍കിയത്. ക്രൈംബ്രാഞ്ചില്‍ നിന്നും കേസ് വിജിലന്‍സിന് കൈമാറുകയായിരുന്നു.

content highlights: High Court rejected the appeal of Jacob Thomas on illegal property case