ഗവൺമെൻ്റ് നിയന്ത്രണത്തിലുള്ള മാധ്യമങ്ങളുടെ പോസ്റ്റുകൾക്കും പേജുകൾക്കും ലേബൽ നൽകുമെന്ന് ഫേസ്ബുക്ക്. കൂടാതെ ഭരണകൂട നിയന്ത്രണത്തിലുള്ള മാധ്യമങ്ങളിൽ നിന്നുള്ള പരസ്യങ്ങൾ തടയുമെന്നും ഫേസ്ബുക്ക് വ്യക്തമാക്കി. അടുത്ത ആഴ്ച മുതൽ അമേരിക്കയിലെ ഉപയോക്താക്കൾക്ക് ഈ ലേബലുകൾ ദൃശ്യമായിത്തുടങ്ങും. മറ്റ് രാജ്യങ്ങളിൽ ലേബൽ നൽകുന്നത് എന്ന് നിലവിൽ വരുമെന്ന് ഫേസ്ബുക്ക് വ്യക്തമാക്കിയിട്ടില്ല. ഗവൺമെൻ്റ് നിയന്ത്രണത്തിലുള്ള മാധ്യമങ്ങളുടെ പേജുകൾ, ആഡ് ലെെബ്രറി പേജ് വ്യൂ, പേജ് ട്രാൻസ്പെരൻസി സെക്ഷൻ എന്നിവടങ്ങളിലായിരിക്കും ലേബൽ ദൃശ്യമാവുക.
‘ഗവൺമെൻ്റിൻ്റെ പൂർണ/ഭാഗിക നിയന്ത്രണത്തിലുള്ള മാധ്യമങ്ങൾക്ക് പ്രത്യേക ലേബൽ നൽകാൻ ഫേസ്ബുക്ക് തീരുമാനിച്ചു. പ്രസാധകർക്ക് കൂടുതൽ സുതാര്യത ഉറപ്പാക്കാനാണ് ഈ രീതി നടപ്പിലാക്കുന്നത്. വായനക്കാരന് തങ്ങൾ വായിക്കുന്ന വിവരങ്ങൾ ഏത് ഗവണമെൻ്റ് നിയന്ത്രിത മാധ്യമത്തിൽ നിന്നാണ് എന്ന് തിരിച്ചറിയാൻ ഈ ലേബലിങ് സഹായിക്കും. ഗവൺമെൻ്റ് സ്വാധീനം ഉള്ള വാർത്തയാണ് വായിക്കുന്നതെന്ന് ഉപയോക്താവിന് മനസിലാകണം. ഇത്തരം ഗവൺമെൻ്റ് സ്വാധീനമുള്ള പരസ്യങ്ങളേയും ലേബൽ ചെയ്യാൻ ഫേസ്ബുക്ക് ആലോചിക്കുന്നുണ്ട്’. ഫേസ്ബുക്കിൻ്റെ സുരക്ഷാ നയ മേധാവി നഥാനിയേൽ ഗ്ലീച്ചർ പറഞ്ഞു. എങ്ങനെയാണ് ഒരു മാധ്യമ സ്ഥാപനം ഗവൺമെൻ്റ് നിയന്ത്രണത്തിൽ പ്രവർത്തിക്കുന്നതെന്ന് അറിയാൻ ലോകത്തിലുള്ള 65ൽ പരം വിദഗ്ധർ ഫേസ്ബുക്കിനെ സമീപിച്ചതായി ഫേസ്ബുക്ക് വെളിപ്പെടുത്തി.
content highlights: Facebook will start labeling posts and pages by state-controlled media outlets