രാജ്യത്ത് 24 മണിക്കൂറിനിടെ 10,000 കടന്ന് കൊവിഡ് രോഗികള്‍; തീവ്ര ബാധിത രാജ്യങ്ങളില്‍ ഇന്ത്യ നാലാമത്

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം റിപ്പോര്‍ട്ട് ചെയ്തത് 10,956 കേസുകള്‍. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് കേസുകള്‍ 2,97535 ആയി ഉയര്‍ന്നു. നിലവിലെ കണക്കു പ്രകാരം ഇന്ത്യയിലെ കൊവിഡ് ബാധിതര്‍ യു.കെ ക്ക് ഒപ്പം എത്തിയതായി ഔദ്യോഗിക മന്ത്രാലയം അറിയിച്ചു. ഇതോടെ, ലോകത്തെ തന്നെ തീവ്രബാധിത മേഖലകളില്‍ ഇന്ത്യ നാലാം സ്ഥാനത്തെത്തി. 396 മരണമാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്.

മഹാരാഷ്ട്രയാണ് രാജ്യത്തെ ഏറ്റവുമധികം രോഗബാധിത സംസ്ഥാനം. ഇന്നലെ മാത്രം 3,607 പുതിയ കേസുകളും 152 മരണവുമാണ് മഹാരാഷ്ട്രയില്‍ റിപ്പോര്‍ട്ട് ചെയ്തത്. കൊവിഡ് ബാധിതര്‍ അധികമായതോടെ സംസ്ഥാനം കാനഡയെ മറികടന്നു. നിലവില്‍ 54,085 കേസുകളോടൊപ്പം 1540 പുതിയ കേസുകളാണ് മഹാരാഷ്ട്രയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സംസ്ഥാനത്തെ ആകെ കൊറോണ മരണം 1954 ആയി ഉയര്‍ന്നു.

തമിഴ്‌നാടാണ് രാജ്യത്തെ രണ്ടാമത് തീവ്രബാധിത പ്രദേശം. 38,716 കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. തമിഴ്‌നാട്ടില്‍ കൊവിഡ് പ്രവര്‍ത്തനത്തിനിറങ്ങിയ എംഎല്‍എ കൊവിഡ് കഴിഞ്ഞ ദിവസം മരിച്ചത് സംസ്ഥാനത്ത് ആശങ്ക സൃഷ്ടിച്ചിരുന്നു. ഇതോടെ, കൊവിഡ് പരിശോധനക്കായി രക്തം നല്‍കാന്‍ ലാബില്‍ എത്തുന്നവര്‍ക്കും സംസ്ഥാനത്ത് 14 ദിവസം ക്വാറന്റൈന്‍ നിര്‍ബന്ധിതമാക്കി.

രാജ്യത്ത് 49 ശതമാന്തതോളം പേര്‍ രോഗമുക്തി നേടിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 53,63,445 കേസുകളാണ് ഇന്ത്യയില്‍ ഇതുവരെ ടെസ്റ്റ് ചെയ്തത്. ഇന്നലെ മാത്രം 1,50,305 സാമ്പിളുകള്‍ പരിശോധിച്ചിരുന്നു.

Content Highlight: Covid Cases in India crossing 10,000, in 24 hours