ന്യൂഡല്‍ഹി: ദിവസങ്ങളായി നീണ്ടുനിന്ന ഇന്ത്യ ചൈന അതിര്‍ത്തി തര്‍ക്കത്തിനൊടുവില്‍ ഇരു വിഭാഗവും തമ്മില്‍ സംഘര്‍ഷം. ഗാല്‍വന്‍ വാലിയില്‍ നടന്ന സംഘര്‍ഷത്തില്‍ ഇന്ത്യന്‍ കമാന്റിങ് ഓഫീസറടക്കം രണ്ട് സൈനികര്‍ വീര മൃത്യു വരിച്ചു. ചൈനീസ് സൈനികര്‍ക്കും ഗുരുതരമായ പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇരു രാജ്യങ്ങളിലെയും ഉയര്‍ന്ന സൈനിക മേധാവികളുമായി അടിയന്തിര യോഗം ചേരാന്‍ തീരുമാനിച്ചതായി ഔദ്യോഗിക പ്രസ്താവനയില്‍ പറഞ്ഞു.
ഇരു വിഭാഗങ്ങളും തമ്മിലുള്ള ചര്‍ച്ചക്കിടെ ഏറ്റുമുട്ടലുണ്ടായെന്നാണ് റിപ്പോര്‍ട്ട്. രണ്ട് ചൈനീസ് സൈനികരും മരിച്ചതായി റിപ്പോര്‍ട്ടുണ്ട്. ഇന്ത്യ അതിര്‍ത്തി കടന്നതായും ചൈനീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചതായും ബീജിംഗ് ആരോപിച്ചതായി വാര്‍ത്താ ഏജന്‍സി ഏജന്‍സ് ഫ്രാന്‍സ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു. ഏകപക്ഷീയമായ നടപടികളെടുക്കരുതെന്നും പ്രശ്നമുണ്ടാക്കരുതെന്നും ചൈനയോട് വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.
1975ലെ യുദ്ധത്തിന് ശേഷം ഇതാദ്യമായിട്ടാണ് ചൈന അതിര്‍ത്തിയില്‍ സംഘര്‍ഷം സൈനികരുടെ മരണത്തിലേക്ക് നയിക്കുന്നത്. സംഭവം വിശദീകരിക്കുന്നതിന് സൈന്യം രണ്ട് മണിക്ക് വാര്‍ത്തസമ്മേളനം വിളിച്ചിട്ടുണ്ട്.
Content Highlight: 3 Soldiers killed in India China Border Issue, causalities on both sides