ഇന്ത്യ-ചൈന ഏറ്റുമുട്ടലില്‍ നാല്‍പതിലേറെ ചൈനീസ് സൈനികര്‍ കൊല്ലപ്പെട്ടതായി കേന്ദ്രമന്ത്രി വി.കെ. സിങ്

ന്യൂഡല്‍ഹി: ലഡാക്കില്‍ ചൈനയുമായുണ്ടായ ഏറ്റുമുട്ടലില്‍ നാല്‍പതിലേറെ ചൈനീസ് സൈനികര്‍ കൊല്ലപ്പെട്ടതായി കേന്ദ്രമന്ത്രി വികെ സിംഗ്. ഇന്ത്യയ്ക്ക് 20 സൈനികരെ നഷ്ടമായെങ്കിലും അതില്‍ ഇരട്ടി ചൈനീസ് സൈനികരെ ഇന്ത്യ വധിച്ചുവെന്ന് മുന്‍ കരസേനാ മേധാവി കൂടിയായ വി കെ സിംഗ് വ്യക്തമാക്കി.

കൊല്ലപ്പെട്ട സൈനികരുടെ വിവരങ്ങളുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍തലത്തില്‍ നിന്നും ആദ്യമായാണ് പ്രതികരണം ലഭിക്കുന്നത്. തങ്ങള്‍ക്കുണ്ടായ നഷ്ടം ചൈന മറച്ചുവെച്ചു. അതൊരിക്കലും ചൈന തുറന്നു പറയില്ലെന്നും വികെ സിങ് വ്യക്തമാക്കി. അതിര്‍ത്തി കടന്ന ചൈനീസ് സൈനികരെ ഇന്ത്യ പിടികൂടിയെങ്കിലും പിന്നീട് വിട്ടയച്ചു എന്നും വികെ സിംഗ് പറഞ്ഞു.

കഴിഞ്ഞദിവസം ഗല്‍വാന്‍ താഴ്‌വരയില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ 20 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ചിരുന്നു. നാല്പതിലേറെ ചൈനീസ് സൈനികര്‍ കൊല്ലപ്പെട്ടതായി സൂചനയുണ്ടെങ്കിലും ഔദ്യോഗികമായി ചൈന പ്രതികരിച്ചിട്ടില്ല.

Content Highlight: Central Minister V K Singh declares 40 more Chinese soldiers died in India China Conflict