ഇന്ത്യയുടെ വ്യോമപ്രതിരോധശേഷി കൂട്ടാന്‍ 7000 കിലോമീറ്റര്‍ താണ്ടി റഫാല്‍ വിമാനങ്ങള്‍ ഇന്നെത്തും

ന്യൂഡല്‍ഹി: വ്യോമപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍ ഫ്രാന്‍സില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന റഫാല്‍ യുദ്ധ വിമാനങ്ങളുടെ ആദ്യ സംഘം ഇന്ന് ഇന്ത്യയിലെത്തും. ഉച്ചക്ക് രണ്ട് മണിയോടു കൂടി ഹരിയാനയിലെ അംബാല വിമാനത്താവളത്തിലാണ് വിമാനങ്ങളെത്തുക. ഇന്നലെ ഉച്ചയോടു കൂടി ഫ്രാന്‍സില്‍ നിന്ന് പുറപ്പെട്ട സംഘം 7000 കിലോമീറ്റര്‍ താണ്ടിയാണ് ഇന്ത്യയിലെത്തുന്നത്.

2016ല്‍ ഇരു രാജ്യങ്ങളും തമ്മില്‍ ഒപ്പുവെച്ച കരാര്‍ പ്രകാരം 36 ഇരട്ട എന്‍ജിന്‍ യുദ്ധ വിമാനങ്ങള്‍ 58,000കോടി രൂപക്കാണ് വാങ്ങുന്നത്. ആദ്യ യുദ്ധ വിമാനം 2019 ഒക്ടോബറില്‍ ഇന്ത്യന്‍ വ്യോമ സേനക്ക് കൈമാറിയിരുന്നു. പത്ത് വിമാനങ്ങള്‍ നിലവില്‍ ഇന്ത്യക്ക് കൈമാറിയതായി ഫ്രാന്‍സിലെ ഇന്ത്യന്‍ എംബസ്സി പ്രസ്താവനയില്‍ അറിയിച്ചു. അഞ്ചെണ്ണം ഇന്ത്യയിലേക്ക് തിരിച്ചെന്നും അഞ്ചെണ്ണം പരിശീലനത്തിലാണെന്നും പ്രസ്താവനയില്‍ പറയുന്നു. 2021 അവസാനത്തോടെ 36 വിമാനങ്ങളും ഇന്ത്യക്ക് കൈമാറാനാകുമെന്നാണ് എംബസ്സി അറിയിച്ചിരിക്കുന്നത്.

വ്യോമസേനാ മേധാവി ആര്‍.കെ.എസ് ബദൗരിയ നേരിട്ടെത്തി വിമാനങ്ങളെ സ്വീകരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. റഫാല്‍ യുദ്ധവിമാനങ്ങള്‍ എത്തുന്നത് പ്രമാണിച്ച് അംബാല വ്യോമസേനാതാവള പരിസരത്ത് ജില്ലാ അധികാരികള്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.

വ്യോമതാവളത്തോടുചേര്‍ന്ന് ധുല്‍കോട്ട്, ബല്‍ദേവ് നഗര്‍, ഗര്‍ണാല, പഞ്ചഘോഡ എന്നീ ഗ്രാമങ്ങളിലാണ് നിരോധനാജ്ഞ. വ്യോമതാവളത്തിന്റെ മൂന്നുകിലോമീറ്റര്‍ ചുറ്റളവില്‍ സ്വകാര്യ ഡ്രോണുകള്‍ പറത്തുന്നതും ഫോട്ടോയും വീഡിയോയും എടുക്കുന്നതും നിരോധിച്ചിട്ടുണ്ട്.

Content Highlight: 5 Rafale jets reach India by today noon