വർഗീയ-വിദ്വേഷ പ്രചാരണങ്ങൾക്ക് ഫേസ്ബുക്ക് വേദിയൊരുക്കിയെന്ന് ചൂണ്ടിക്കാട്ടി ഇന്ത്യയിലെ ഫേസ്ബുക്ക് പോളിസി എക്സിക്യൂട്ടീവ് ഡയറക്ടർ അംഖി ദാസിനെതിരെ ചത്തീസ്ഗഢ് പൊലീസ് കേസെടുത്തു. റായ്പൂരിലെ പത്രപ്രവർത്തകൻ അവേശ് തിവാരിയുടെ പരാതിയിലാണ് കേസ് എടുത്തത്. ഡൽഹി കലാപം ഉൾപ്പെടെയുള്ള കലാപങ്ങളിലേക്ക് നയിച്ച വർഗീയ വിദ്വേഷ പരാമർശങ്ങൾക്ക് ഫേസ്ബുക്ക് വേദിയായി എന്നതാണ് കേസ്. അതേസമയം വധഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി അവേശിനെതിരെ അംഖി ദാസും നേരത്തെ പരാതി നൽകിയിരുന്നു. ഇതിൽ അന്വേഷണം നടന്നുവരികയാണ്.
ഫേസ്ബുക്കിൻ്റെ ബിജെപി അനുകൂല നിലപാടുമായി ബന്ധപ്പെട്ട് വാൾസ്ട്രീറ്റ് ജേർണലിൻ്റെ റിപ്പോർട്ട് പുറത്തു വന്നതിന് പിന്നാലെ സംഭവം വലിയ ചർച്ചയായിരിക്കുകയാണ്. വർഗീയ പരാമർശങ്ങൾ നടത്തുന്ന ബിജെപി നേതാക്കൾക്കെതിരെ നടപടി എടുക്കുന്നതിന് പകരം ഇന്ത്യയിലെ ഫേസ്ബുക്കിൻ്റെ നയങ്ങളിൽ വെള്ളംചേർക്കുകയാണ് ചെയ്യുന്നതെന്നാണ് അമേരിക്കൻ മാധ്യമമായ വാൾസ്ട്രീറ്റ് ജേണലിൻ്റെ റിപ്പോർട്ടിൽ പറഞ്ഞിരുന്നത്. വർഗീയ പ്രസ്താവന നടത്തിയ രാജ സിങ്ങിനെ ഫേസ്ബുക്കിൽ നിന്ന് വിലക്കാതിരിക്കാൻ അംഖി ദാസ് ഇടപെട്ടുവെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു.
content highlights: Chhattisgarh Police files FIR against Facebook’s Ankhi Das