ബിജെപി അനുകൂല നിലപാട്; ഫേസ്ബുക്കിന് വീണ്ടും കത്തയച്ച് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: ബിജെപി അനുകൂല നിലപാടില്‍ ഫേസ്ബുക്കിന് കത്തയച്ച് വീണ്ടും കോണ്‍ഗ്രസ്. രാജ്യത്ത് സാമൂഹ്യ അസ്വാസ്ഥ്യം ഉണ്ടാക്കുന്നത് അംഗീകരിക്കാനാകില്ല. ബിജെപി അനുകൂല നിലപാടില്‍ നിന്ന് ഫേസ്ബുക്ക് ഇന്ത്യയെ പിന്തിരിപ്പിക്കണമെന്നും സിഇഒ സക്കര്‍ബര്‍ഗിന് അയച്ച കത്തില്‍ കോണ്‍ഗ്രസ് പറഞ്ഞു.

ഫേസ്ബുക്കിന്റെ സ്വകാര്യനേട്ടത്തിനായി രാജ്യത്ത് സാമൂഹിക അസ്വാസ്ഥ്യം ഉണ്ടാക്കാന്‍ അനുവദിക്കില്ല. ഇത്തരം നീക്കങ്ങള്‍ക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്നും എഐസിസി അംഗം കെ.സി. വേണുഗോപാല്‍ പറഞ്ഞു. ഇന്ത്യയില്‍ ബിജെപി നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും വേണ്ടി ഫേസ്ബുക്കിന്റെ നയങ്ങളില്‍ കമ്ബനി വെള്ളം ചേര്‍ക്കുന്നുവെന്ന് വാള്‍സ്ട്രീറ്റ് ജേണലില്‍ വന്ന വാര്‍ത്ത രാജ്യത്തു കോളിളക്കം സൃഷ്ടിച്ച പശ്ചാത്തലത്തിലാണ് കോണ്‍ഗ്രസ് രണ്ടാം തവണയും ഫേസ്ബുക്കിന് കത്തയച്ചത്. വിദ്വേഷം പ്രചരിപ്പിക്കുന്നവര്‍ക്കെതിരേ നടപടിയെടുക്കാനുള്ള മാനദണ്ഡങ്ങള്‍ ബിജെപി നേതാക്കള്‍ക്കുവേണ്ടി ഫേസ് ബുക്ക് തിരുത്തിയെന്ന് തെളിവുകള്‍ സഹിതം വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു.

അക്രമങ്ങള്‍ പ്രോത്സാഹിപ്പിക്കുകയോ പങ്കാളികളാകുകയോ ചെയ്ത ചുരുങ്ങിയത് നാലു വ്യക്തികള്‍ക്കും ബിജെപിയുമായി ബന്ധമുള്ള ഗ്രൂപ്പുകള്‍ക്കുമെതിരേ വിദ്വേഷ പ്രസംഗ ചട്ടങ്ങള്‍ ഇന്ത്യയിലെ ഫേസ്ബുക്ക് മേധാവികള്‍ നടപ്പാക്കിയില്ലെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു.

Content Highlight: Congress Writes To Zuckerberg As Another Report Alleges Facebook-BJP Link