ന്യൂഡല്‍ഹി: ബിജെപി-ഫേസ്ബുക്ക് ബന്ധം ചൂണ്ടികാട്ടി പ്രതിപക്ഷ പാര്‍ട്ടികളുടെ വിമര്‍ശനങ്ങള്‍ക്കൊടുവില്‍ വിദ്വേഷ പ്രസംഗത്തിന്റെ പേരില്‍ ബിജെപി എംഎല്‍എയുടെ അക്കൗണ്ടിന് വിലക്കേര്‍പ്പെടുത്തി ഫേസ്ബുക്ക്. തെലങ്കാന ബിജെപി എംഎല്‍എയായ രാജ സിങ്ങിനെയാണ് ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം എന്നീ മാധ്യമങ്ങളില്‍ നിന്ന് വിദ്വേഷ പ്രസംഗം നടത്തിയതിന്റെ പേരില്‍ വിലക്കിയത്.
തെലങ്കാനയിലെ ബി.ജെ.പി. എം.എല്‍.എയാണ് രാജ സിങ്. വിദ്വേഷ ഉള്ളടക്കമുള്ള ഇയാളുടെ ചില പോസ്റ്റുകള്‍ നീക്കം ചെയ്യാന്‍ ഫെയ്സ്ബുക്ക് തയ്യാറായില്ലെന്നും ഇന്ത്യയില്‍ ഫെയ്സ്ബുക്കിന് ഭരണകക്ഷിയുമായി പക്ഷപാതമുണ്ടെന്നും വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഫെയ്സ്ബുക്ക് ഇന്ത്യ എക്സിക്യുട്ടൂവ് അങ്കി ദാസ് ബി.ജെ.പിക്ക് വേണ്ടി ഇടപെടല്‍ നടത്തിയെന്നായിരുന്നു ആരോപണം. ഇതിന് പിന്നാലെ അത്തരം പോസ്റ്റുകള്‍ ഫെയ്സ്ബുക്ക് നീക്കം ചെയ്യുകയുണ്ടായി.
എന്നാല്‍, തനിക്ക് ഫേസ്ബുക്കില്‍ ഔദ്യോഗിക അക്കൗണ്ടുകള്‍ ഇല്ലെന്നാണ് രാജ സിങ്ങ്് പ്രതികരിച്ചത്. തന്റെ പേജ് 2018-ല്‍ ഹാക്ക് ചെയ്യുകയും പിന്നീട് ബ്ലോക്ക് ചെയ്യുകയുമുണ്ടായെന്നും അദ്ദേഹം വിശദീകരിച്ചു. തന്റെ പേരില്‍ നിരവധി പേജുകള്‍ ഫെയ്സ്ബുക്കില്‍ കണ്ടിട്ടുണ്ട്. അതില്‍ വരുന്ന പോസ്റ്റിനൊന്നും താന്‍ ഉത്തരവാദിയല്ലെന്നും അദ്ദേഹം നേരത്തെ ട്വിറ്ററിലൂടെ പറഞ്ഞിരുന്നു.
പശ്ചിമ ബംഗാളിലെ നിയമസഭാ തെരഞ്ഞെടുപ്പ് വരാനിരിക്കെ തൃണമൂല്‍ കോണ്‍ഗ്രസ്സിന്റെ പേജ് ഫേസ്ബുക്ക് ബ്ലോക്ക് ചെയ്തെന്ന് ഇന്നലെ പരാതിയുയര്‍ന്നിരുന്നു. വിഷയം ചൂണ്ടികാട്ടി ഫേസ്ബുക്ക് മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗിന് തൃണമൂല്‍ കോണ്‍ഗ്രസ് പരാതിയും നല്‍കി. ബിജെപിയെ സഹായിക്കാനാണ് ഫെയ്സ്ബുക്കിന്റെ നീക്കമെന്ന പരോക്ഷ വിമര്‍ശനത്തിന് ശേഷമാണ് ബിജെപി പ്രവര്‍ത്തകന്റെ ഫേസ്ബുക്ക് പേജിനും വിലക്കേര്‍പ്പെടുത്തുന്നത്.
Content Highlight: Facebook bans BJP MLA Raja Singh as pressure mounts over hate speech violations