വാളയാർ പീഢനക്കേസ് പ്രതികളെ വെറുതെ വിട്ട വിചാരണ കോടതി ഉത്തരവ് റദ്ധാക്കി ഹൈക്കോടതി. കേസിൽ പുനർ വിചാരണ വേണമെന്ന് സംസ്ഥാന സർക്കാരിന്റേയും മരിച്ച പെൺകുട്ടികളുടെ മാതാപിതാക്കളുടേയും അപ്പീൽ പരിഗണിച്ചാണ് കോടതി ഉത്തരവ്. കേസ് പുനർ വിചാരണ ചെയ്യാൻ പോക്സോ കോടതിക്ക് ഹൈക്കോടതി നിർദേശം നൽകി. ഇതോടെ കേസിൽ പുനരന്വോഷണത്തിനുള്ള സാധ്യത തെളിഞ്ഞു. ഇതിനുള്ള ആവശ്യം ചൂണ്ടിക്കാട്ടി സർക്കാരിന് കോടതിയെ സമീപിക്കാനാകും. വിചാരണ കോടതി വിധി റദ്ധാക്കണമെന്നും തുടരന്വോഷണത്തിന് ഉത്തരവിടണമെന്നുമാണ് സർക്കാർ ഹൈക്കോടിയിൽ ആവശ്യപെട്ടിരുന്നത്.
അന്വേഷണത്തിലും വിചാരണയിലും പിഴവ് ഉണ്ടായെന്നും പ്രതികൾക്കെതിരെ മാതാപിതാക്കളുടെ രഹസ്യമൊഴി കോടതി പരിഗണിച്ചില്ലെന്നും സർക്കാർ വ്യക്തമാക്കിയിരുന്നു. സാക്ഷി മൊഴികളും തെളിവുകളും കൃത്യമായി വിചാരണ കോടതിയുടെ ശ്രദ്ധയിൽ കൊണ്ടു വരുന്നതിൽ പ്രസോക്യൂട്ടറുടെ ഭാഗത്ത് നിന്നും വീഴ്ചയുണ്ടായി. അന്വേഷണത്തിന്റെ തുടക്കത്തിലുണ്ടായ പാളിച്ച വിധി എതിരാകാണ് കാരണമായെന്നും സർക്കാർ വാദിച്ചു. കേസ് ആദ്യം അന്വേഷിച്ച ഉദ്യോഗസ്ഥർ ശാസ്ത്രീയമായ അന്വേഷണം നടത്തിയില്ല. ഡിഎൻഎ അടക്കമുള്ള തെളിവുകൾ ശേഖരിച്ചില്ല എന്നും സർക്കാർ ചൂണ്ടിക്കാട്ടിയിരുന്നു.
വേണ്ടത്ര തളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടി ഇക്കഴിഞ്ഞ ഒക്ടോബറിലാണ് പോക്സോ കോടതി മുഴുവൻ പ്രതികളേയും വെറുതെ വിട്ടത്. കേസന്വോഷണത്തിൽ പോലീസിന് വീഴ്ച സംഭവിച്ചെന്ന് അപ്പീലിന്മേലുള്ള വാദത്തിനിടെ സർക്കാർ തുറന്ന് സമ്മതിച്ചിരുന്നു. പ്രായപൂർത്തിയാകാത്ത ഒരു പ്രതിയടക്കം അഞ്ചു പേരാണ് കേസിലെ പ്രതികൾ. വലിയ മധു, കുട്ടി മധു, ഷിബു, പ്രദീപ് കുമാർ എന്നിവരാണ് പ്രധാന പ്രതികൾ. ഇതിൽ പ്രദീപ് കുമാർ ഹൈക്കോടതിയിൽ കേസ് നടക്കുന്നതിനിടെ ആത്മഹത്യ ചെയ്തിരുന്നു. 2017 ജനുവരി, മാർച്ച് മാസങ്ങളിലായിരുന്നു പതിമൂന്നും ഒൻപതും വയസ്സുള്ള സഹോദരിമാരെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
Content Highlights; Valayar case high court judgment