ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് ട്രംപ് ഏർപ്പെടുത്തിയ വിലക്ക് നീക്കി ജോ ബെെഡൻ; ഉത്തരവിൽ ഒപ്പുവെച്ചു

Biden overturns Trump ban on transgender people serving in US military

അമേരിക്കൻ ആർമിയിൽ നിന്നും ട്രാൻസ്ജെൻഡർ വ്യക്തികളെ വിലക്കിയ മുൻ പ്രസിഡൻ്റ് ഡോണാൾഡ് ട്രംപിൻ്റെ നടപടി പിൻവലിച്ച് പ്രസിഡൻ്റ് ജോ ബെെഡൻ. വിലക്ക് പിൻവലിച്ചുകൊണ്ടുള്ള ഉത്തരവിൽ ബെെഡൻ ഒപ്പുവെച്ചു. തെരഞ്ഞെടുപ്പ് പ്രചാരണറാലിയിൽ ബെെഡൻ പ്രഖ്യാപിച്ച പ്രധാന വാഗ്ദാനങ്ങളിലൊന്നായിരുന്നു ഇത്. വെെസ് പ്രസിഡൻറ് കമല ഹാരിസ്, പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ, ചെയർമാൻ ഓഫ് ദ ജോയിൻ്റ് ചീഫ്‌ ഓഫ് സ്റ്റാഫ് ജനറൽ മാർക്ക് മില്ലേയ് എന്നിവരുടെ സാന്നിധ്യത്തിലാണ് ബെെഡൻ ഒപ്പുവെച്ചത്. 

‘സേവനമനുഷ്ഠിക്കാൻ സാധിക്കുന്നവർക്കെല്ലാം അഭിമാനത്തോടെ അത് ചെയ്യാൻ സാധിക്കുമ്പോഴാണ് അമേരിക്ക കൂടുതൽ സുരക്ഷിതസ്ഥാനമാവുന്നത്’. ബെെഡൻ ട്വീറ്റ് ചെയ്തു. 2016ൽ മുൻ പ്രഡിൻ്റ് ബറാക് ഒബാമ ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് സേനയിൽ പ്രവർത്തിക്കാൻ അനുവദിച്ചു കൊണ്ടുള്ള ഉത്തരവ് ഇറക്കിയിരുന്നു. ലിംഗമാറ്റ ശസ്ത്രക്രിയക്ക് ആവശ്യമായ വെെദ്യസഹായം ഉറപ്പുവരുത്താനുളള നടപടികൾ കൂടി ഉൾപ്പെടുന്നതായിരുന്നു ഈ ഉത്തരവ്.

എന്നാൽ ട്രംപ് അധികാരത്തിലെത്തിയതിന് പിന്നാലെ ഈ ഉത്തരവ് പിൻവലിക്കുകയും ട്രാൻസ്ജെൻഡർ വ്യക്തികളുടെ റിക്രൂട്ട്മെൻ്റ് തടയുകയും ചെയ്തു. ട്രംപിൻ്റെ നടപടിക്കെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. ഈ വിലക്ക് നീക്കിയെങ്കിലും ട്രംപിൻ്റെ 2019ലെ ട്രാൻസ്ജെൻഡർ പോളിസി ഇപ്പോഴും നിലവിലുണ്ട്. ബെെഡൻ വെെകാതെ തന്നെ ഈ പോളിസി പിൻവലിക്കുമെന്നാണ് റിപ്പോർട്ട്. 

content highlights: Biden overturns Trump ban on transgender people serving in US military