വഞ്ചനക്കേസ്; സണ്ണി ലിയോണിന്റെ അറസ്റ്റിന് ഹൈക്കോടതിയുടെ വിലക്ക്

High Court stayed actress Sunny Leone's arrest

വഞ്ചനക്കേസില്‍ ബോളിവുഡ് നടി സണ്ണി ലിയോണിയുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. നോട്ടിസ് നല്‍കാതെ അറസ്റ്റ് പാടില്ലെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. അങ്കമാലിയിൽ വാലന്റൈൻസ് ദിനത്തിൽ നടത്താനിരുന്ന പരിപാടിക്കായി പണം വാങ്ങിയെങ്കിലും പങ്കെടുക്കാൻ എത്തിയില്ലെന്നാണ് സണ്ണി ലിയോണിനെതിരെയുള്ള  കേസ്. സ്റ്റേജ് ഷോ നടത്താമെന്ന ഉറപ്പിൽ 39 ലക്ഷം രൂപ വാങ്ങിയെന്നും കരാർ ലംഘനം നടത്തി വ‍ഞ്ചിച്ചെന്നും പരാതിയിൽ പറയുന്നു.

സണ്ണി ലിയോണ്‍, ഭര്‍ത്താവ് ഡാനിയേല്‍ വെബര്‍, ഇവരുടെ സ്ഥാപനത്തിലെ ജീവനക്കാരന്‍ സുനില്‍ രജനി എന്നിവര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിച്ചാണ് ഹൈക്കോടതി അറസ്റ്റ് വിലക്കിയത്. ക്രൈംബ്രാഞ്ചിന് വേണമെങ്കില്‍ നടിയെ ചോദ്യംചെയ്യാമെന്നും കോടതി വ്യക്തമാക്കി. സി.ആര്‍.പി.സി. 41എ പ്രകാരമുള്ള നോട്ടീസ് നല്‍കി വേണം ചോദ്യംചെയ്യലെന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. ജസ്റ്റിസ് അശോക് മോഹന്‍ അധ്യക്ഷനായ ബെഞ്ചാണ് സണ്ണി ലിയോണിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിച്ചത്.

കേരളത്തിൽ അവധി ആഘോഷത്തിനെത്തിയ നടി സണ്ണി ലിയോണിയെ വഞ്ചന കേസുമായി ബന്ധപ്പെട്ട് ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. ജനുവരി 21ന് സ്വകാര്യ ചാനലിലെ ഒരു പരിപാടിയുടെ ഷൂട്ടിങ്ങിനായാണ് താരം കേരളത്തിലെത്തിയത്. ഒരാഴ്ച ക്വാറന്റീനിൽ കഴിഞ്ഞ താരം പിന്നീട് ഷൂട്ടിങിനും ഉദ്ഘാടന പരിപാടികൾക്കും ഡേറ്റ് നൽകിയിരുന്നു. അതിനിടെയാണ് വിവാദങ്ങൾ ഉണ്ടായത്.

content highlights: High Court stayed actress Sunny Leone’s arrest