കേരള കോണ്‍ഗ്രസിലെ തര്‍ക്കം ഒത്തുതീര്‍പ്പിലേക്ക്. മധ്യസ്ഥര്‍ ഇടപെട്ട് നടത്തിയ ചര്‍ച്ചയില്‍ ജോസഫ് മാണി വിഭാഗങ്ങള്‍ വിട്ടുവീഴ്ചക്ക് തയ്യാറായി. രണ്ട് സമവാക്യങ്ങളാണ് കേരള കോണ്‍ഗ്രസിലെ പ്രശ്‌നപരിഹാരത്തിനായി ചര്‍ച്ചയില്‍ ഉരുത്തിരിഞ്ഞത്. സി.എഫ്. തോമസ് ചെയര്‍മാന്‍, പി.ജെ ജോസഫ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍, ജോസ് കെ. മാണി വര്‍ക്കിങ് ചെയര്‍മാന്‍ എന്ന സമവാക്യവും അല്ലെങ്കില്‍ ജോസ് കെ. മാണി ചെയര്‍മാന്‍ പി.ജെ. ജോസഫ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ എന്ന തീരുമാനവുമാണ് ചര്‍ച്ചയില്‍ കൊണ്ടുവന്നത്. ചെയര്‍മാന്‍ സ്ഥാനം വിട്ടുനല്‍കാന്‍ പി. ജെ. ജോസഫ് തയ്യാറായെങ്കിലും ജോസ് കെ മാണിയെ ചെയര്‍മാനാക്കാന്‍ ജോസഫ് വിഭാഗം സമ്മതിച്ചിട്ടില്ല. ആദ്യ ആറു മാസം സി.എഫ്. തോമസ് ചെയര്‍മാന്‍ ആകുകയും പിന്നീട് ജോസ് കെ മാണിയെ ചെയര്‍മാനാക്കുകയും ചെയ്യാമെന്നാണ് ജോസഫ് വിഭാഗത്തിന്റെ നിലപാട്.
ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് ജോസ് കെ മാണിയെ മാറ്റി നിര്‍ത്തുന്ന ഒത്തുതീര്‍പ്പ് വെണ്ടെന്നാണ് മാണി വിഭാഗത്തിന്റെ ഉറച്ച നിലപാട്. ജോസഫിനോട് അടുപ്പം പുലര്‍ത്തിയിരുന്ന മുതിര്‍ന്ന നേതാക്കള്‍ ജോസ് കെ മാണിക്ക് അനുകൂലമായി നിലപാട് മാറ്റിയതാണ് മാണി വിഭാഗത്തിന് കരുത്തായത്. ഒത്തുതീര്‍പ്പിലൂടെ ചെയര്‍മാനെ കണ്ടെത്തുക അല്ലെങ്കില്‍ സംസ്ഥാന കമ്മിറ്റി വിളിച്ചു തെരഞ്ഞെടുപ്പ് നടത്തുക എന്ന നിര്‍ദ്ദേശമാണ് മധ്യസ്ഥര്‍ മുന്നോട്ട് വച്ചത്. സംസ്ഥാന സമിതി ഉള്‍പ്പടെയുള്ളവയില്‍ മാണി വിഭാഗത്തിനാണ് മുന്‍തൂക്കം. തെരഞ്ഞെടുപ്പ് നടത്തിയാല്‍ ചെയര്‍മാന്‍ സ്ഥാനം മാത്രമല്ല പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ സ്ഥാനവും മാണി വിഭാഗത്തിന് കിട്ടും. ഇതോടെയാണ് ഒത്തുതീര്‍പ്പ് ചര്‍ച്ചക്കു വഴി ഒരുങ്ങിയത്.