ആദായ നികുതി വകുപ്പ് കസ്റ്റഡിയിലെടുത്ത നടൻ വിജയിയെ ചോദ്യം ചെയ്യുന്നത് തുടരുന്നു. ദീപാവലിക്ക് ശേഷം റിലീസ് ചെയ്ത ബിഗിൽ സിനിമയുടെ സാമ്പത്തിക ഇടപാട് അന്വേഷിക്കുന്നതുമായി ബന്ധപ്പെട്ടാണ് വിജയയെ കസ്റ്റഡിയിലെടുത്തത്. നെയ് വേലിയില്‍ ‘മാസ്റ്റര്‍’ സിനിമയുടെ ഷൂട്ടിങ് സെറ്റില്‍ വെച്ചാണ് ചോദ്യം ചെയ്തത്. തുടർന്ന് വിശദമായ ചോദ്യം ചെയ്യലിന് ഉദ്യോഗസ്ഥ സംഘത്തോടൊപ്പം ചെന്നെെ ഇസിആർ പനയൂരിലെ വീട്ടിലെത്തി.
വിജയ്യുടെ സാലിഗ്രാമത്തും നീലാങ്കരയിലുമുളള വീടുകളിലും തിരച്ചിൽ നടത്തി. എ.ജി.എസ്. എന്റര്‍ടെയ്ന്‍മെന്റുമായി ബന്ധപ്പെട്ട 20 ഇടങ്ങളില്‍ രാവിലെ മുതല്‍ ആദായ നികുതിവകുപ്പ് റെയ്ഡ് നടത്തിയിരുന്നു. പ്രൊഡ്യൂസറായ ഗോപുരം ഫിലിംസിന്റെ അന്‍പുച്ചെഴിയന്റെ വീട്ടിലും ഓഫീസിലും പരിശോധന നടന്നു.
എ.ജി.എസ്. എന്റര്‍ടെയ്ന്‍മെൻ്റ് ഓഫീസിൽ നടത്തിയ പരിശോധനയിൽ 25 കോടി രൂപ പിടിച്ചെടുത്തു. 180 കോടി ബജറ്റിലായിരുന്നു ബിഗിൽ ചിത്രത്തിന്‍റെ നിര്‍മാണം. ഈ ചിത്രത്തില്‍ വിജയ് വാങ്ങിയ പ്രതിഫലം സംബന്ധിച്ചും പരിശോധനകള്‍ നടക്കുന്നുണ്ട്.
4 വർഷത്തിനിടയിൽ പുറത്തിറങ്ങിയ വിജയ് സിനിമകളിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകളെ വിമർശിക്കുന്ന പരാമർശങ്ങൾ ഏറെ ഉണ്ടായിരുന്നു. ജിഎസ്ടി, നോട്ട് റദ്ദാക്കല്‍ തുടങ്ങിയ വിഷയങ്ങളില്‍ നരേന്ദ്രമോദി സര്‍ക്കാരിനെ പരിഹസിച്ചുള്ള വിജയ് ചിത്രങ്ങൾ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. വിജയിയുടെ അറസ്റ്റിന് പിന്നിൽ രാഷ്ട്രീയ പകപോക്കൽ ആണെന്നും ആരോപണങ്ങൾ ഉണ്ട്.
content highlights: actor Vijay is in income tax department custody