ആരാധകരെ പോത്സാഹിപ്പിക്കുക എന്ന ഉദ്ദേശത്തോട് കൂടി മാത്രമാണ് മകൻ്റെ പേരിൽ പാർട്ടി രജിസ്റ്റർ ചെയ്തതെന്ന് തമിഴ് സിനിമ സംവിധായകനും വിജയുടെ പിതാവുമായ എസ്എ ചന്ദ്രശേഖർ. തൻ്റെ പേരിൽ അച്ഛൻ പ്രഖ്യാപിച്ച പുതിയ രാഷ്ട്രീയ പാർട്ടിയുമായി തനിക്ക് യാതൊരു വിധ ബന്ധവുമില്ലെന്ന് നടൻ വിജയ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് വിശദീകരണവുമായി എസ്എ ചന്ദ്രശേഖർ രംഗത്തുവന്നത്.
1993 ലാണ് രസികർ മന്ദ്രം എന്ന പേരിൽ ആരാധന സംഘടന ആരംഭിച്ചത്. പിന്നീട് അതൊരു ക്ഷേമ സംഘടനയായി വളരുകയും മക്കൾ ഇയക്കം എന്ന ജനകീയ പ്രസ്ഥാനമായി മാറുകയുമായിരുന്നു. ജനങ്ങളുടെ ക്ഷേമം ലക്ഷ്യം വച്ചുകൊണ്ട് നിരവധി പ്രവർത്തനങ്ങൾ ഫാൻസ് അസോസിയേഷൻ അംഗങ്ങൾ ചെയ്യുന്നതുകൊണ്ടുതന്നെ ഇവരെ കൂടുതൽ പോത്സാഹിപ്പിക്കുന്നതിനും അംഗീകരിക്കുന്നതിനുമാണ് സംഘടന രാഷ്ട്രീയ പാർട്ടിയായി രജിസ്റ്റർ ചെയ്തത്. ഇളയദളപതി വിജയി മക്കൾ ഇയക്കം രാഷ്ട്രീയ പാർട്ടിയായി മാറ്റേണ്ടതിൻ്റെ ആവശ്യമുണ്ടെന്ന് എനിക്ക് തോന്നിയതുകൊണ്ട് ഞാൻ അത് ചെയ്തു. അദ്ദേഹം പറഞ്ഞു.
പിതാവിൻ്റെ പാർട്ടി പ്രഖ്യാപനത്തിന് പിന്നാലെ വിജയ് രംഗത്തെത്തിയിരുന്നു. പിതാവ് രജിസ്റ്റർ ചെയ്ത പാർട്ടിയിൽ തനിക്കും തൻ്റെ ആരാധകർക്കും യാതൊരു ബന്ധവുമില്ലെന്ന് വിജയ് പറഞ്ഞിരുന്നു. കൂടാതെ തൻ്റെ പേരൊ ചിത്രമോ പാർട്ടി പ്രവർത്തനങ്ങൾക്കായി ദുരുപയോഗം ചെയ്യരുതെന്നും വിജയ് വ്യക്തമാക്കിയിരുന്നു. നടൻ വിജയുടെ രാഷ്ട്രീയപ്രവേശനം തമിഴ്നാട്ടിൽ വർഷങ്ങളായുള്ള ചർച്ചാവിഷയമാണ്. വിജയിയുടെ അവസാനമിറങ്ങിയ മേർസൽ, സർക്കാർ എന്നി ചിത്രങ്ങളിലെ പ്രമേയം വിജയ് ഉടൻ രാഷ്ട്രീയത്തിലിറങ്ങുമെന്ന സൂചന നൽകുന്നുവെന്ന് ആരാധകർ വിലയിരുത്തിയിരുന്നു.
content highlights: Tamil Actor Vijay’s Father Defends Political Party In Son’s Name: Report