ഇനി മുതൽ രാഷ്ട്രീയ, സാമൂഹിക ഗ്രൂപ്പുകൾ ഉപഭോക്താക്കൾക്ക് നിർദ്ദേശിക്കില്ലെന്ന് ഫേസ്ബുക്ക്. ഒപ്പം ഫേസ്ബുക്ക് നിർദ്ദേശങ്ങൾ പാലിക്കാത്ത ഗ്രൂപ്പുകൾ കൂടുതൽ പേരിലേക്ക് എത്താതിരിക്കാനും ഫേസ്ബുക്ക് നടപടി സ്വീകരിക്കും. അൽഗോരിതം ഉപയോഗിച്ച് ഇത്തരം ഗ്രൂപ്പുകൾ നിർദ്ദേശിക്കുന്നത് നിയന്ത്രിക്കാനാണ് ഫേസ്ബുക്ക് ശ്രമിക്കുന്നത്. രാഷ്ട്രീയപരവും സാമൂഹികപരവുമായ വിഷയങ്ങളിൽ ഫേസ്ബുക്കിലെ സമ്മർദ്ദം ഒഴിവാക്കാനാണ് പുതിയ നടപടി.
ഗ്രൂപ്പുകളിൽ തങ്ങൾ വലിയ തോതിൽ നിക്ഷേപം നടത്തിയിട്ടുണ്ടെന്ന് ഫേസ്ബുക്ക് തന്നെ അറിയിച്ചിരുന്നു. എന്നാൽ ഗ്രൂപ്പുകൾ വഴി വ്യാപകമായി വ്യാജവാർത്തകൾ പ്രചരിക്കുന്നുണ്ടെന്നും തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നു എന്നും ഗവേഷകർ മുന്നറിയിപ്പ് നൽകിയതിൻ്റെ പശ്ചാത്തലത്തിലാണ് ഗ്രൂപ്പകളെ നിയന്ത്രിക്കാൻ ഫേസ്ബുക്ക് ഒരുങ്ങുന്നത്.
നേരത്തെ രാഷ്ട്രീയ പോസ്റ്റുകൾ ടൈംലൈനിൽ നിന്ന് കുറയ്ക്കണമെന്ന് ഉപഭോക്താക്കൾ ആവശ്യപ്പെട്ടിരുന്നതായി ഫേസ്ബുക്ക് പറഞ്ഞിരുന്നു. ഇനി രൂപീകരിക്കപ്പെടുന്ന ഗ്രൂപ്പുകൾ ഉപഭോക്താക്കൾക്ക് നിർദ്ദേശിക്കണമെങ്കിൽ 21 ദിവസം കാത്തിരിക്കേണ്ടി വരും. ഈ ഗ്രൂപ്പ് എത്തരത്തിലാണ് പ്രവർത്തിക്കുന്നത് എന്ന് നോക്കി മാത്രമേ ഫേസ്ബുക്ക് തീരുമാനം എടുക്കുകയുള്ളു.
content highlights: Facebook to Remove Social, Political Group Recommendations, Block Rule-Breaking Members