തന്റെ പേരിൽ അച്ഛൻ എസ്എ ചന്ദ്രശേഖർ പ്രഖ്യാപിച്ച പുതിയ രാഷ്ട്രീയ പാർട്ടിയുമായി തനിക്ക് യാതൊരു വിധ ബന്ധവുമില്ലെന്ന് തുറന്ന് പറഞ്ഞ് നടൻ വിജയ് രംഗത്ത്. നിർമാതാവും സംവിധായകനുമായ എസ് എ ചന്ദ്രശേഖർ അഖിലേന്ത്യ ദളപതി വിജയ് മക്കൾ ഇയക്കം എന്ന പേരിലാണ് പുതിയ പാർട്ടി പ്രഖ്യപിച്ചത്. പാർട്ടി രജിസ്റ്റർ ചെയ്യാൻ തിരഞ്ഞെടുപ്പ് കമ്മീഷന് അപേക്ഷ നൽകിയതോടെയാണ് വിരം പുറത്തറിയുന്നത്. വിജയ് ആരാധക സംഘടനയുടെ പേരാണ് വിജയ് മക്കൾ ഇയക്കം എന്നത്.
നടന്റെ അച്ഛൻ ചന്ദ്രശേഖർ ജനറൽ സെക്രട്ടറിയായ പാർട്ടിയുടെ ഖജാൻജി അമ്മ ശോഭയാണ്. പാർട്ടി ആരംഭിച്ചത് വിജയ് അറിയാതെയാണെന്നും ഇത് തന്റെ സ്വന്തം തീരുമാനമാണെന്നും ചന്ദ്രശേഖർ വ്യക്തമാക്കി. കൂടാതെ 27 വർഷം മുൻപ് താൻ ആരാധക സംഘടന ആരംഭിച്ചത് വിജയിയുടെ സമ്മതം വാങ്ങിയായിരുന്നില്ലെന്നും അതിന്റെ വളർച്ചയും, സ്വഭാവിക പരിണാമവുമാണിതെന്നും അദ്ധേഹം പറഞ്ഞു. സംഭവം സാമൂഹിക മാധ്യമങ്ങളിലടക്കം പ്രചരിച്ചതോടെയാണ് അച്ഛനെതിരെ വിജയ് രംഗത്തെത്തിയത്.
അച്ഛൻ രാഷ്ട്രീയ പാർട്ടി ആരംഭിച്ചതായി മാധ്യമങ്ങളിലൂടെ അറിഞ്ഞുവെന്നും എന്നാൽ അതുമായി തനിക്ക് യാതൊരു വിധ ബന്ധവുമില്ലെന്നും നടൻ വ്യക്തമാക്കി. കൂടാതെ പാർട്ടി പ്രവർത്തനവുമായി ബന്ധപെട്ട് ഭാവിയിൽ അദ്ധേഹമെടുക്കുന്ന ഒരു നടപടിക്കും തനിക്ക് ഉത്തരവാദിത്വമില്ലെന്നും വിജയ് പറഞ്ഞു. അച്ഛൻ പാർട്ടി ആരംഭിച്ചു എന്നതിന്റെ പേരിൽ ആരാധകർ അതിൽ ചേർന്ന് പ്രവർത്തിക്കേണ്ടതില്ലെന്നും തന്റെ പേരോ ചിത്രമോ ദുരുപയോഗം ചെയ്താൽ നടപടിയെടുക്കുമെന്നും വിജയ് വ്യക്തമാക്കി.
Content Highlights; ‘No need to join or work’: Vijay reacts to political party registered by his father for his fan club